ക്രിസ്‌ത്യൻ പള്ളി തകർത്ത്‌ 
ഇസ്രയേൽ

news image
Dec 18, 2023, 4:24 am GMT+0000 payyolionline.in
ഗാസ സിറ്റി: ഗാസ സിറ്റിയിലെ ക്രിസ്‌ത്യൻ പള്ളിയിൽ കടന്നുകയറി അമ്മയെയും മകളെയും വെടിവച്ചുകൊന്ന്‌ ഇസ്രയേൽ സൈന്യം. ഗാസ സിറ്റിയിലെ ഹോളി ഫാമിലി കത്തോലിക്ക പള്ളിയിലാണ്‌ സൈന്യം കടന്നുകയറി വെടിവച്ചത്‌. നഹിദ എന്ന വയോധികയും മകൾ സമറുമാണ്‌ കൊല്ലപ്പെട്ടത്‌. യുദ്ധം ആരംഭിച്ചശേഷം നിരവധിപേർ അഭയം തേടിയ പള്ളിയിലാണ്‌ അതിക്രമം. ശനിയാഴ്‌ച ഉച്ചയ്ക്ക്‌ മുന്നറിയിപ്പില്ലാതെ ആക്രമിക്കുകയായിരുന്നു. ഏഴുപേർക്ക്‌ പരിക്കേറ്റു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പള്ളിക്കുനേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്‌. പള്ളിയുടെ പ്രധാന ഭാഗങ്ങളെല്ലാം തകർത്തു. ഹോളി ഫാമിലി പള്ളിയിൽ ഏകദേശം 530 പേർ അഭയം തേടിയിട്ടുണ്ട്‌. ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. സൈനിക ടാങ്ക്‌ ആക്രമണത്തിൽ സിസ്റ്റേഴ്‌സ് ഓഫ് മദർ തെരേസ ചാരിറ്റിയുടെ കോൺവെന്റിന്റെ ജനറേറ്റർ തകർന്നു. ഇന്ധന വിതരണ സംവിധാനം നശിച്ചു. കെട്ടിടം വാസയോഗ്യമല്ലാതായതോടെ 54 ഭിന്നശേഷിക്കാർക്ക്‌ താമസിക്കാൻ ഇടമില്ലാതായി.

ജബലിയയിലെ ഹിര പള്ളിക്കും സലാ അൽ ദിൻ പള്ളിയുടെ സമീപത്തെ വീടിനും നേരെ ആക്രമണം ഉണ്ടായി. അൽ തുഫ പ്രദേശത്തുനിന്ന്‌ നാൽപ്പതോളം മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ ഗാസയിൽ ഞായറാഴ്ച രാവിലെമുതൽ ഇസ്രയേൽ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. റാഫയിലുണ്ടായ വെടിവയ്‌പിൽ ഫ്രഞ്ച്‌ കോൺസുലേറ്റ്‌ ജീവനക്കാരൻ കൊല്ലപ്പെട്ടു. കമാൽ അദ്വാൻ ആശുപത്രിയിൽ വാർത്താ സമ്മേളനം നടക്കുന്നതിനിടെയും ഇസ്രയേൽ വെടിവയ്‌പുണ്ടായി. ഖാൻ യൂനിസിൽ 17 പേർ കൊല്ലപ്പെട്ടു.

അതേസമയം, ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്‌തീൻ വനിതകൾ കടുത്ത പീഡനമാണ്‌ അനുഭവിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്‌ടോബർ ഏഴിനുശേഷം വടക്കൻ ഗാസയിൽ 140 സ്ത്രീകളെയും പെൺകുട്ടികളെയും തടവിലാക്കി. വെസ്റ്റ്‌ ബാങ്കിൽ സംസ്കാര ചടങ്ങിനിടെ ഇസ്രയേൽ നടത്തിയ ബോംബ്‌ ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe