ലിസ്ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാവന്നു. ജോർജീന റോഡ്രിഗസാണ് വധു. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിനുള്ള തീരുമാനത്തിലെത്തുന്നത്. വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്ന ഇരുവർക്കും നാല് കുട്ടികളുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ജോർജീന റൊണാൾഡോയൊ വിവാഹം ചെയ്യാൻ തീരുമാനിച്ച കാര്യം പുറത്തുവിട്ടത്. മോതിരമണിഞ്ഞുകൊണ്ടുള്ള തന്റെ കയ്യുടെ ചിത്രവും റൊണാൾഡോയുടെ കൈയും ജോർജീന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. വിവാഹത്തിന് റൊണാൾഡോ താത്‌പര്യമറിയിച്ചെന്നും താൻ സമ്മതം പറഞ്ഞെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള ക്യാപ്‌ഷനും അവർ ഫോട്ടോയ്‌ക്ക് നൽകിയിട്ടുണ്ട്.
വജ്ര മോതിരം നൽകിയാണ് ജോർജീനയെ റൊണാൾഡോ പ്രൊപ്പോസ് ചെയ്തത്. 6.6 മില്ല്യൺ യൂറോയെങ്കിലും മോതിരത്തിന് വരുമെന്നാണ് റിപ്പോർട്ടുകൾ. നടി ലിസ് ടെയ്‌ലർ ധരിച്ചത് പോലുള്ള മോതിരമാണ് ജോർജിയക്ക് റോണോ നൽകിയിരിക്കുന്നത്. സാധാരണയായി ആളുകൾ ഉപയോഗിച്ചുകാണാത്ത മോതിരമാണിത്. വജ്രാഭരണങ്ങൾ ലേലം ചെയ്യുന്നിടങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള മോതിരങ്ങൾ കാണാറുള്ളൂ.
റൊണാൾഡോയുടെ മുൻ പ്രണയത്തിലെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെ അഞ്ച് കുട്ടികളോടൊപ്പമാണ് ഇപ്പോൾ ഇരുവരും ജീവിക്കുന്നത്. ഇവാൻ, മത്തിയോ, അലന മാർടിന, ബെല്ല എസ്‌മറാൾഡ എന്നാണ് മാറ്റ് നാല് കുട്ടികളുടെയും പേര്. 2016ൽ സ്‌പെയ്‌നിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.