ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതി; നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ മർദിച്ച് സഹപാഠിയുടെ പിതാവ്

news image
Feb 10, 2025, 1:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

 

സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്. മർദിച്ച വ്യക്തിയുടെ കുട്ടിയുടെ പേരും ലിജിൻ ബോർഡിലെഴുതിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കാഞ്ഞിരംകുളം ജം​ഗ്ഷനിൽ വെച്ച് കെഎസ് ഇബി ഉദ്യോ​ഗസ്ഥൻ കൂടിയായ വ്യക്തി ലിജിനെ മർ​ദിച്ചത്. കുട്ടിയുടെ കവിളത്തും തുടയിലും ഉൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കൽ കോളേജിലും  ലിജിൻ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe