തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തുന്നതിനായി മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമെന്ന് വനംവകുപ്പ്. നിലവിൽ രജിസ്ട്രേഷൻ നേടിയ ഉത്സവങ്ങൾക്കു മാത്രമേ നിബന്ധനകൾക്ക് വിധേയമായി അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ലെന്നും നിലവിലുള്ള ഉത്സവമായാലും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി നൽകില്ലെന്നും അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ സമയത്ത് അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. ചില ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നിയമലംഘനം നടന്നാൽ നാട്ടാന പരിപാലന ചട്ടപ്രകാരം കേസെടുക്കും.
ഉത്സവം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആനയെഴുന്നള്ളിക്കാനായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. എഴുന്നള്ളത്ത് കാലയളവിന് കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അഞ്ചിലധികം ആനകൾ പങ്കെടുക്കുന്ന എഴുന്നള്ളത്തുകളിൽ എലിഫന്റ് സ്ക്വാഡ് സാന്നിധ്യം ഉറപ്പാക്കണം.
എഴുന്നള്ളത്തിനായി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയാൽ ഉത്സവ കമ്മിറ്റി നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വനംവകുപ്പ് അറിയിച്ചു.
