ക്ഷേത്ര വരുമാനം ദൈവത്തിന്റേതാണ്’; സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്ന് സുപ്രീംകോടതി

news image
Dec 6, 2025, 8:47 am GMT+0000 payyolionline.in

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കുകളെ പിന്തുണയ്ക്കാന്‍ ക്ഷേത്രത്തിന്റെ വരുമാനം വിനിയോഗിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. തിരുനെല്ലി ക്ഷേത്ര ദേവസ്വത്തിന് നിക്ഷേപങ്ങള്‍ തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വിവിധ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ബാങ്കിനെ രക്ഷിക്കാന്‍ ക്ഷേത്ര പണം ഉപയോഗിക്കണോ? ഒരു സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം പരമാവധി പലിശ നല്‍കാന്‍ കഴിയുന്ന ഒരു ദേശസാല്‍കൃത ബാങ്കിലേയ്ക്ക് പോകണമെന്ന് നിര്‍ദേശിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്ഷേത്ര പണം ദൈവത്തിന്റേതാണ്. അതിനാല്‍ പണം സംരക്ഷിക്കുകയും ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും വേണം, അത് ഒരു സഹകരണ ബാങ്കിന്റേ വരുമാനത്തിലോ നിലനില്‍പ്പിനോ ഒരു സ്രോതസായി കണക്കാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാനന്തവാടി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ലിമിറ്റഡും തിരുനെല്ലി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ബാങ്കുകള്‍ ആവര്‍ത്തിച്ച് വിസമ്മതിച്ചതിനെത്തുടര്‍ന്ന് അഞ്ച് സഹകരണ ബാങ്കുകളോട് ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപങ്ങള്‍ അടച്ചുപൂട്ടി മുഴുവന്‍ തുകയും രണ്ട് മാസത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ പെട്ടെന്നുള്ള നിര്‍ദേശം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ബാങ്കുകളുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളേയും നിക്ഷേപങ്ങളേയും ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തീരുമാനമാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പിലാക്കുന്നതിനായി സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.

ക്ഷേത്രത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിരുനെല്ലി ദേവസ്വം ആണ് കോടതിയെ സമീപിച്ചത്. തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, സുശീല ഗോപാലന്‍ സ്മാരക വനിതാ സഹകരണ സൊസൈറ്റി ലിമിറ്റഡ്, മാനന്തവാടി സഹകരണ റൂറല്‍ സൊസൈറ്റി ലിമിറ്റഡ്, മാനന്തവാടി സഹകരണ അര്‍ബന്‍ സൊസൈറ്റി ലിമിറ്റഡ്, വയനാട് ടെമ്പിള്‍ എംപ്ലോയീസ് സഹകരണ സൊസൈറ്റി ലിമിറ്റഡ് എന്നീ ബാങ്കുകളോട് രണ്ട് മാസത്തിനുള്ളില്‍ ഫണ്ട് തിരികെ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe