തിരുവനന്തപുരം: ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് ധനവകുപ്പ്. വകുപ്പുതല നടപടി പൂര്‍ത്തിയായിട്ടില്ലെന്നും സസ്പെന്ഷന് അടക്കം അച്ചടക്കനടപടി തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍ പേരും തസ്തികയും വകുപ്പും അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് വിവരാവകാശ മറുപടിയില്‍ ധനവകുപ്പ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി നിര്‍ദേശിച്ച് ധനവകുപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്കി. എന്നാല്‍, ഏതാനും വകുപ്പുകള്‍ മാത്രമേ അച്ചടക്കനടപടി സ്വീകരിച്ചുള്ളൂ.
ഭരണകക്ഷിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് പൂര്‍ത്തിയാക്കുന്ന മുറക്കേ മറുപടി നൽകാൻ കഴിയൂ എന്നാണ് കെ.പി.സി.സി സെക്രട്ടറി സി.ആര്. പ്രാണകുമാറിനുള്ള മറുപടിയില്‍ പറയുന്നത്.