കൊച്ചി: യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യുപിഐ വഴി പേയ്‌മെന്റ് നൽകി പേപ്പർ ടിക്കറ്റെടുക്കാൻ കഴിയുന്ന ടിക്കറ്റ് വെൻഡിങ് മെഷീൻ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തനം തുടങ്ങി. ജെഎൽഎൻ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട് കമ്മിഷണർ സി.നാഗരാജു ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് അനായാസം വേഗത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായി ഒരുക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രാജ്യത്തെ ചുരുക്കം ചില മെട്രോകളിൽ മാത്രമാണ് വെൻഡിങ് മെഷീനിൽ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. ടിക്കറ്റെടുക്കാൻ കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാൻ ഇപ്പോൾ മറ്റു നിരവധി സംവിധാനങ്ങളും കൊച്ചി മെട്രോയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റെടുക്കാൻ പൂർണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വൺ മൊബൈൽ ആപ്, വാട്‌സാപ്, ഗൂഗിൾ വാലറ്റ് എന്നിവ വഴിയും പേയ്ടിഎം, ഫോൺപേ, റെഡ്ബസ്, ടുമോക്, യാത്രി, ഈസി മൈ ട്രിപ്, ടെലിഗ്രാം (മൈ മെട്രോ കൊച്ചി), കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോൾ ടിക്കറ്റ് എടുക്കാം. വാട്‌സാപ്, ഗൂഗിൾ വാലറ്റ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. യാത്ര ചെയ്യേണ്ട സ്റ്റേഷൻ ടിക്കറ്റ് വെൻഡിങ് മെഷീനിൽ സെലക്ട് ചെയ്തശേഷം ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നൽകിയാൽ ഉടൻ ടിക്കറ്റ് ലഭിക്കും. കറൻസി നൽകിയും ഇതിൽ നിന്ന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷി സൗഹൃദ മെഷീൻ ആണ് ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കെഎംആർഎൽ ഡയറക്ടർമാരായ സഞ്ജയ് കുമാർ (സിസ്റ്റംസ്), ഡോ. എം.പി. രാം നവാസ് (പ്രോജക്ട്‌സ്), ചീഫ് ജനറൽ മാനേജർമാരായ എ.മണികണ്ഠൻ, ഷാജി ജനാർദ്ദനൻ, ജനറൽ മാനേജർമാരായ മിനി ഛബ്ര (എച്ച്ആർ), ജിഷു ജോൺ സ്‌കറിയ (ലീഗൽ), ടി.സി.ജോൺസൺ (എസ് ആൻഡ് ടി), ജയനന്ദ സോമസുന്ദരം (ജോയിന്റ് ജനറൽ മാനേജർ, എസ് ആൻഡ് ടി), പി.എസ്.രഞ്ജിത് (അസി. മാനേജർ എഎഫ്‌സി) തുടങ്ങിയവർ പങ്കെടുത്തു.