കർണാടകയിലെ മാണ്ഡ്യയിൽ ഗണേശചതുർഥി ആഘോഷത്തിനിടെ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു

news image
Sep 12, 2024, 3:58 am GMT+0000 payyolionline.in

മംഗളൂരു: കർണാടകയി​ലെ മാണ്ഡ്യയിൽ ഗണേശ ചതുർഥി ആഘോഷത്തിനിടെ സംഘർഷം. ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യാൻ പോകുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.

ഗണേഷ വിഗ്രഹങ്ങളുമായി ബദരികോപ്പലുവിൽ നിന്നും ആളുകൾ നിമഞ്ജനത്തിനായി പോകുന്നതിനിടെ കല്ലേറുണ്ടായെന്നും ഇത് തൊട്ടടുത്തു നിന്നുമാണെന്ന് ആരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഘോഷയാത്രക്കിടെ രണ്ട് സമുദായങ്ങളിലെ ആളുകൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നുവെന്ന് മാണ്ഡ്യ എസ്.പി മല്ലികാർജുൻ ബാലൻഡി പറഞ്ഞു. ഒരുപാട് ആളുകൾ കൂട്ടംകൂടിയതിനാൽ അവരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തേണ്ടി വന്നു. പിന്നീട് ഗണേഷ ചതുർഥിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. അക്രമികൾ ചില കടകളും ബൈക്കുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.

സംഘർഷം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാതിരിക്കാൻ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒഴുക്കാനായി കൊണ്ടുപോയ ഗണേഷ വിഗ്രഹങ്ങൾ താൽക്കാലികമായി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രദേശത്ത് അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തെ അപലപിച്ച് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് സർക്കാറിന്റെ പരാജയമാണ് സംഘർഷത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഗണപതി ഭഗവാന്റെ ഘോഷയാത്രയിൽ സമാധാനപരമായി നടന്നു നീങ്ങിയ ഭക്തരെ ലക്ഷ്യമിട്ട് ഒരു സമുദായത്തിലെ അക്രമികൾ പൊതുജനങ്ങൾക്കും പൊലീസുകാർക്ക് നേരെ കല്ലും ചെരിപ്പും എറിയുകയായിരുന്നുവെന്ന് ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe