കർണാടകയിൽ ചൈനീസ് ജി.പി.എസ് ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ച് സുരക്ഷാസേന

news image
Dec 18, 2025, 4:22 pm GMT+0000 payyolionline.in

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജി.പി.എസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇത് ചാരവൃത്തിക്കോ ശാസ്ത്രീയ ഗവേഷണത്തിനോ എന്ന് കണ്ടെത്താനാണ് അന്വേഷണം.
തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗുമായി ഒരു കടൽകാക്ക വിശ്രമിക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്ന് കാർവാർ ടൗൺ പൊലീസ് പറഞ്ഞു. പൊലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ വിവരമറിയിച്ചു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം പരിശോധിച്ചു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസുമായി ബന്ധിപ്പിച്ച ട്രാക്കർ ബോർഡർ അടയാളങ്ങൾ അക്കാദമിക്, പാരിസ്ഥിതിക പഠനങ്ങൾക്കുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.
സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനാണ് ട്രാക്കർ എന്നും ചാരവൃത്തിയുടെ തെളിവുകളില്ലെന്നും പൊലീസ് പറഞ്ഞു. എന്നാലും, തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
പക്ഷിയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിങ് പ്രോഗ്രാമിന്റെ ഉത്ഭവം, സമയക്രമം, വ്യാപ്തി എന്നിവയുൾപ്പെടെ പഠനത്തിന്റെ വിശദാംശങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഉദ്യോഗസ്ഥർ ഔദ്യോഗികമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു.

ഈ മേഖലയിൽ കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്കോൾ തുറമുഖത്തിന്റെ പരിധിയിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു. വന്യജീവി ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽഅറിവായി.

അതേസമയം, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഐ.എൻ.എസ് കദംബ നാവിക താവളത്തിന്റെ സാമീപ്യം കണക്കിലെടുക്കുമ്പോൾ ഗവേഷണ മറവിൽ സങ്കീർണ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ജി.പി.എസ് ഉപയോഗിച്ച് വന്യജീവികളെ ട്രാക്ക് ചെയ്യുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയാണെങ്കിലും പക്ഷിയെ കണ്ടെത്തിയ സ്ഥലം ഒന്നിലധികം ഏജൻസികളുടെ പരിശോധന അനിവാര്യമാക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗവേഷണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളെയും ഉപകരണത്തിന്റെ ഡാറ്റാ ട്രാൻസ്മിഷൻ ശേഷിയുടെ സാങ്കേതിക വിശകലനത്തെയും ആശ്രയിച്ചിരിക്കും തുടർ നടപടികൾ എന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe