ബെംഗളൂരു: കർണ്ണാടകയിൽ നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. ഇപ്പോൾ നന്ദിനിക്ക് ലിറ്ററിന് 39 രൂപയാണ് വില. അത് ഇനി 42 രൂപയാവും. ഓഗസ്റ്റ് ഒന്നിന് മുതലാണ് വില വർധന പ്രാബല്യത്തിൽ വരിക. അഞ്ചു രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കൂട്ടിയ മൂന്ന് രൂപ കർഷകന്റെ ആനുകൂല്യത്തിലേക്ക് നൽകുമെന്ന് കെഎംഎഫ് അറിയിച്ചു.
നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്) കഴിഞ്ഞ മാസം ആവശ്യമുന്നയിച്ചിരുന്നു. നന്ദിനി പാലിന്റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്പാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല് വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു.
കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കർഷകരെയും പാൽ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് വർധനവ് ആവശ്യപ്പെട്ട ജില്ലാ പാൽ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല് ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയിൽ ഒന്നാണ്. വില വർധിപ്പിക്കാൻ ഫെഡറേഷനിൽ, യൂണിയനുകളുടെയും കർഷകരുടെയും സമ്മർദ്ദമുണ്ടെന്ന് ജൂൺ 21 ന് കെഎംഎഫ് ചെയർമാനായി ചുമതലയേറ്റ കോൺഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.