ബംഗളൂരു: ലൈംഗിക അതിക്രമ കേസിൽ ഇരയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ജയിലിൽ ആയിരുന്ന എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി. ജനപ്രതിനിധികളുടെ കേസുകൾ കേൾക്കുന്ന കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴിഞ്ഞ രേവണ്ണ കേസിൽ നിന്ന് പുറത്തുവന്നത്.
രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. പൊലീസാണ് ഇവരെ രക്ഷിച്ചത്. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തുകയായിരുന്നു. രേവണ്ണയ്ക്ക് എതിരെയും ബലാത്സംഗ ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഒരു കേസിലും ഇതുവരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ തന്നെ രേവണ്ണ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ജയിൽ മോചിതനാവുകയായിരുന്നു.