റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ 9,369 നിയമലംഘകരെ നാടുകടത്തി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 17,257 വിദേശികളെയും അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ ഡിസംബർ ആറ് വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,183 പേർ താമസനിയമം ലംഘിച്ചവരും 3,765 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,309 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്.
ഇവരിൽ 45,773 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 2,394 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് ശിപാർശ ചെയ്തു. 9,369 നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.