ഖത്തറില്‍ ജയിലിലുള്ള മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചു

news image
Jan 4, 2024, 5:11 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഖത്തറില്‍ ജയിലിലുള്ള മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തര്‍ കോടതി, പല കാലയളവിലേക്കുള്ള ജയില്‍ ശിക്ഷയാണ്  വിധിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കാന്‍ 60 ദിവസം നല്‍കിയിട്ടുണ്ടെന്നം വ്യാഴാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്.  ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ശിക്ഷാ വിധിയുടെ പകര്‍പ്പ് അവരുടെ അഭിഭാഷക സംഘത്തിന് ലഭിച്ചതായി വ്യാഴാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജെയ്സ്വാള്‍ പറഞ്ഞു. എന്നാല്‍ അത് രഹസ്യ രേഖയാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി  കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ പരമോന്നത കോടതിയിലാണ് ഇനി അപ്പീൽ നല്‍കാനുള്ളത്. ഇതിന് കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകരുടെ സംഘമാണ് അടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്. വധശിക്ഷ റദ്ദാക്കി പല കാലയളവിലേക്കുള്ള ജയില്‍ ശിക്ഷയാക്കി മാറ്റി എന്ന കാര്യം സ്ഥിരീകരിക്കുകയാണെന്ന് അറിയിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് ജയിലിലുള്ള ഇന്ത്യക്കാരുടെ കുടുംബവുമായും ഖത്തറിലെ അഭിഭാഷക സംഘവുമായും ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

മൂന്ന് വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് എട്ട് ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe