ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; 7 വർഷത്തിന് ശേഷം ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

news image
Aug 15, 2024, 4:17 am GMT+0000 payyolionline.in

തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നൽകി. പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെണ്‍കുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകും.

പേട്ട പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നു. വീട്ടിൽ സർവ്വ സാതന്ത്രവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളിൽ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു രാത്രി പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഗംഗേശാനന്ദക്കെതിരെ ബലാംസംഗത്തിന് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് കേസിന്‍റെ ഗതിമാറ്റുന്ന കാര്യങ്ങള്‍ നടന്നത്. പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ മുൻ അനുയായിയിരുന്ന അയ്യപ്പദാസിന്‍റെയും, പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടികാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിക്കും സുഹൃത്തായ അയ്യപ്പാദസിനുമെതിരെ മറ്റൊരു കേസെടുത്തു.

ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുബംവും നിലപാട് മാറ്റിയിരുന്നു. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും, അയ്യപ്പാദാസിന്‍റെ പ്രേരണകാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി നിലപാട് മാറ്റി. ആകെ കുഴഞ്ഞു മറിഞ്ഞ കേസിൽ പൊലീസ് നിയമോപദേശം തേടി. രണ്ട് കേസും നിലനിൽക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമർപ്പിക്കാൻ അഡ്വേക്കേറ്റ് ജനറൽ നിയമോപദേശം നൽകി. പെണ്‍കുട്ടി മജസ്ട്രേറ്റിന് മുന്നിലും പൊലീസിനും ആദ്യം നൽകിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നൽകാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയിൽ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടർന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും, ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

തിരുവനന്തപുരം എസിജെഎം കോതിയിലണ് എസ്പി ഷൗക്കത്തലി കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ഗൂഡാലോചനക്കുമായി തയ്യാറാക്കിയ രണ്ടാമത്തെ കുറ്റപത്രവും അടുത്ത ആഴ്ച കോടതിയിൽ നൽകും. ഗംഗേശാന്ദയുടെ പീ‍ഡനം സഹിക്കാൻ കഴിയാതെ വന്നതോടെ സുഹൃത്തും ഗംഗേശാനന്ദയുടെ സഹായുമായിരുന്ന അയ്യപ്പദാസുമായി ചേർന്ന് ഗൂഡാലോചന നടത്തി ആയുധം വാങ്ങി ജനനേന്ദ്രിയം മുറിച്ചുവെന്നാണ് രണ്ടാമത്തെ കുറ്റപത്രം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കോടതിയക്ക് മുന്നിലെത്തുമ്പോള്‍ പ്രതിക്കും വാദിക്കുമുള്ള നിലപാടാണ് നിർണായകമാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe