ഗണേഷ് കുമാറിന് അതിനിർണായക ദിനം; സോളാർ പീഡന ഗൂഢാലോചന കേസ് കോടതിയിൽ, സിബിഐ റിപ്പോർട്ട് സമർപ്പിക്കാൻ ഹർജിക്കാരൻ

news image
Sep 25, 2023, 2:35 am GMT+0000 payyolionline.in

കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. കെ ബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നുള്ള സിബിഐ റിപ്പോർട്ട്, ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് പരാതി നൽകില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കിയിരുന്നു. സിബിഐ റിപ്പോർട്ട് ഉള്ളതിനാൽ ഇനി അന്വേഷണം ആവശ്യമില്ലെന്നും എംഎം ഹസൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe