കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്. അവധി ദിവസങ്ങൾ ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര തുടർക്കഥയാണെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഇടപെടലുകൾ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മണിക്കൂറുകളോളം ആണ് ഇന്നലെ ചുരത്തിൽ കുടുങ്ങിയത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കുന്ന പ്രവർത്തി നാളെ ആരംഭിക്കുന്നുമുണ്ട്.
