ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ്; ചർച്ചയ്ക്ക് സർക്കാർ

news image
Aug 17, 2023, 3:07 pm GMT+0000 payyolionline.in

തിരുവനന്തപുരം: വാഹന ഇൻഷുറൻസില്‍ നോണ്‍-വയലേഷൻ ബോണസ് നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം.

റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി ജീവനുകൾ രക്ഷിക്കാനായതിനൊപ്പം, ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായതായി യോഗം വിലയിരുത്തി. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും നിയമലംഘനം നടത്തുന്നവർക്കു പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടാനാണ് തീരുമാനം.

ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ, ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക അടച്ചതായി ഉറപ്പുവരുത്തണം. അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കാനും ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും. റോഡരികിൽ സൈൻബോർഡ് സ്ഥാപിക്കാന്‍ ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe