ഗ‍ര്‍ഭിണിക്ക് രക്തം മാറി നൽകിയതിൽ നടപടി, 2 ഡോക്ടർമാരെ പിരിച്ചുവിട്ടു, സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

news image
Sep 30, 2023, 3:43 pm GMT+0000 payyolionline.in

മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ സമയത്ത് പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാര്‍‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയാണ് നടപടി. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗ‍ര്‍ഭിണിക്ക് രക്തം നല്‍കിയത്. വാർഡ് നഴ്സിനും ഡ്യൂട്ടി ഡോക്ടർക്കും ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തി.

പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃശിശു ആശുപത്രിയിൽ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം രക്തം നൽകിയപ്പോൾ വിറയൽ അനുഭവപ്പെട്ടത്തോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയെന്ന കാര്യം മനസ്സിലായത്. ഒ-നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള യുവതിക്ക്  ബി-പോസിറ്റീവ് രക്തമാണ് നൽകിയത്. യുവതിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe