ഗവേഷക വിദ്യാർത്ഥികൾക്ക് അന്താരാഷ്‌ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ 10 കോടിയുടെ സ്‌കോളർഷിപ്പുകൾ: മന്ത്രി ഡോ. ആർ ബിന്ദു

news image
Jan 5, 2024, 1:00 pm GMT+0000 payyolionline.in

തിരുവനന്തപുരം > ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്‌ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തനസഹായമായി പത്തു കോടി രൂപ നൽകാനും ഭരണാനുമതിയായി – മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ്റെ ശുപാർശ സ്വീകരിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക. ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സെമിനാറുകൾക്കായുള്ള യാത്രകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. ഗവേഷകരുടെ വിദേശയാത്രാ ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സർക്കാർ വഹിക്കുക. വിദേശ സർവ്വകലാശാലകളിൽ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണപഠനങ്ങൾക്കാകും സ്കോളർഷിപ്പ് അനുവദിക്കുക.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാൻസ്ലേഷണൽ റിസർച്ച് റിസ്ക് ഫണ്ട് നൽകുക. ഉന്നതവിദ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, വ്യവസായ വികസന കോർപ്പറേഷൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തിരഞ്ഞെടുക്കുക- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe