ഗസ്സയിൽ മരണം 1200; ആശുപത്രികൾ നിറഞ്ഞു, വൈദ്യുതി നിലയ്ക്കുന്നു

news image
Oct 12, 2023, 4:21 am GMT+0000 payyolionline.in

ഗസ്സ സിറ്റി: ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ മരണം 1200 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അൽ-റീഷ് പറഞ്ഞു. ഗസ്സയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ആറാം ദിവസവും ഇസ്രായേൽ ആക്രമണം തുടരുകയാണ്. അതേസമയം, ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവർ 1200 ആയി.

ഗസ്സയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. ആശുപത്രികളുടെ നിലത്ത് ഉൾപ്പെടെ കിടത്തിയാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്. ഇസ്രായേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധം സാഹചര്യങ്ങൾ അങ്ങേയറ്റം ദുരന്തപൂർണമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂർണ ഉപരോധമാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പൂർണമായും നിലക്കുമെന്നാണ് റിപ്പോർട്ട്. ഇന്ധനം തടഞ്ഞതിനാൽ ഗസ്സയിലെ ഏക വൈദ്യുതികേന്ദ്രത്തിന്‍റെ പ്രവർത്തനം ബുധനാഴ്ച നിലച്ചു. വൈദ്യുതി നിലയ്ക്കുന്നത് ആശുപത്രികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉൾപ്പെടെ കനത്ത പ്രതിസന്ധി നേരിടും. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തനശേഷിയുടെ അവസാന ഘട്ടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെൻട്രൽ ഗസ്സയിലെ അൽ-സബ്ര, ഖാൻ യൂനിസ് സൗത്ത്, ഗസ്സയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. ഗസ്സ അതിർത്തികളിൽ വൻതോതിലുള്ള സൈനികവിന്യാസം നടത്തിക്കഴിഞ്ഞു. മൂന്ന് ലക്ഷത്തോളം സൈനികരാണ് തയാറായിരിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. കരയുദ്ധത്തിന് ഇസ്രായേൽ തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

യു.എൻ കണക്ക് പ്രകാരം ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയത് മുതൽ 3.38 ലക്ഷം പേരാണ് തെരുവിലായത്. യു.എൻ അഭയാർഥി ക്യാമ്പുകളിലും സ്കൂളുകളിലുമായാണ് ഇവർ കഴിയുന്നത്. ഗസ്സക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe