കോഴിക്കോട്∙ താമരശ്ശേരിയിലെ ഷിബിലയെ ഭർത്താവ് യാസിർ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ജില്ലയിൽ സമാനമായ ചൂഷണ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള മൂന്നു കേസുകളാണ് സംസ്ഥാനത്ത് നടന്നത്.എന്നാൽ, പതിവ് ഗാർഹിക പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്ന അതേ ഒത്തു തീർപ്പു മാതൃകയിലാണ് ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങളെയും പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങളാണ് ഗുരുതരമായ ആക്രമണങ്ങളിലേക്ക് വഴിയൊരുക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രബിഷ നേരിട്ടത് തുടർച്ചയായ വധഭീഷണി
ചെറുവണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പേരാമ്പ്ര പുനത്ത് കാലടി പറമ്പിൽ പ്രബിഷയുടെ(29) കുടുംബവും പൊലീസ് അനാസ്ഥയ്ക്കെതിരെ രംഗത്തു വന്നു. 8 തവണയോളം ഇയാൾക്കതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഒരിക്കൽ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയപ്പോൾ പൊലീസുകാരുടെ മുൻപിൽ വച്ചു തന്നെ ഇയാൾ അക്രമിച്ചു.
കുറച്ചു നേരം സെല്ലിൽ ഇട്ടെങ്കിലും ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നാണ് ആരോപണം. ലഹരിക്ക് അടിമയായ പ്രശാന്ത് പലതവണ പ്രബിഷയെയും മക്കളെയും ആക്രമിച്ചിരുന്നു. മൂത്ത മകനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. സ്കൂൾ അധ്യാപകർ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ അവരെയും ഭീഷണിപ്പെടുത്തി. പ്രബിഷയുടെ ചിത്രം മോർഫ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. ഒരു വർഷം മുൻപ് വീട്ടിൽ കയറി പ്രബിഷയെയും അമ്മയെയും ആക്രമിച്ചു.
ലഹരിക്ക് അടിമയായ പ്രശാന്തിന്റെ കൂടെ ജീവിക്കാൻ കഴിയാത്തതിനാലാണു വിവാഹ ബന്ധം വേർപെടുത്തിയതെന്നു ഇവർ പറഞ്ഞു. പ്രശാന്തിന്റെ മർദനത്തെ തുടർന്നുണ്ടായ പരുക്ക് ചികിത്സിക്കാൻ എത്തിയപ്പോഴാണ് പ്രബിഷയ്ക്കു നേരെ കഴിഞ്ഞ ദിവസം ആസിഡ് ആക്രമണം ഉണ്ടായത്. വർഷങ്ങളായി തുടരുന്ന ഭീഷണിക്കും അക്രമത്തിനും എതിരെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ മകൾക്ക് ഇതു സഹിക്കേണ്ടി വരില്ലായിരുന്നുവെന്നാണ് പ്രബിഷയുടെ കുടുംബം പറയുന്നത്.മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രബിഷയ്ക്ക് ശരീരത്തിന്റെ അരഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. ഇടതു കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്.