വഡോദര: ഗുജറാത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞ് 14 വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു. ഹർണി തടാകത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.സ്വകാര്യ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 27 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് വഡോദര കലക്ടർ പറഞ്ഞു. വിദ്യാര്‍ഥികളാരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവത്തില്‍ അനുശോചിച്ചു. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ഉറപ്പാക്കുമെന്ന് ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപവീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.