ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; പനിയ്ക്ക് സമാനം, മരണം 15 ആയി

news image
Sep 11, 2024, 10:11 am GMT+0000 payyolionline.in

അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 മരണങ്ങളും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 3നും 7നും ഇടയിലാണ് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം 5 പേർക്ക് കൂടി ജീവൻ നഷ്ടമായി. മരിച്ചവരിൽ കുട്ടികൾ ഉൾപ്പെടെയുണ്ട്.

ദിവസങ്ങൾ പിന്നിട്ടിട്ടും രോഗത്തിന്റെ കാരണമോ ഉറവിടമോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നത് വെല്ലുവിളിയാകുകയാണ്. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടർ അമിത് അരോറ അറിയിച്ചു. നിലവിൽ പടരുന്ന രോഗം എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ 22 സർവൈലൻസ് ടീമിനെയും കൂടുതൽ ഡോക്ടർമാരെയും ലഖ്പത് മേഖലയിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ഈ മേഖലയിൽ അടുത്തിടെ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. ഈ സീസണിൽ ഗുജറാത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കച്ച് ജില്ലയിലാണ്. സെപ്റ്റംബർ 10ലെ കണക്കുകൾ പ്രകാരം 890 മില്ലി മീറ്റർ മഴയാണ് കച്ചിൽ രേഖപ്പെടുത്തിയത്. ശരാശരി ലഭിക്കുന്നതിനേക്കാൾ 184 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe