ആലപ്പുഴ: ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂരമർദനം. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മർദനമേറ്റത്. ഗുണ്ടയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തിൽ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിലെത്തി തട്ടിക്കൊണ്ടുപോയാണ് ജിബിനെ മർദിച്ചതെന്ന് സഹോദരൻ ലിബിൻ പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട പ്രഭിജിത്, സുഹൃത്ത് സെന്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം. കാമുകിക്ക് മെസ്സേജ് അയച്ചത് ചോദിച്ചായിരുന്നു മർദനം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അരൂക്കുറ്റിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ജിബിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ ഒരു വീട്ടിലെത്തിച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ആറ് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പട്ടിക കൊണ്ട് അടിക്കുകയും കഴുത്തിൽ കയർ കുരുക്കി വലിക്കുകയും ചെയ്തെന്ന് ജിബിന്‍റെ സഹോദരൻ പറഞ്ഞു.
ജിബിന് വാരിയെല്ലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് സഹോദരൻ പറഞ്ഞു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. പ്രതികളായ പ്രഭിജിത്തും സെന്തിലും ഒളിവിലാണ്.