എറണാകുളം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.