ന്യൂഡൽഹി: വ്യാപക വിമർശനമുയർന്നതോടെ യുട്യൂബർ രൺവീർ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമർശം അടങ്ങിയ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’ എപ്പിസോഡ് യുട്യൂബ് നീക്കി. കൂടാതെ, രൺവീറിനോടും ഹാസ്യതാരം സമയ് റെയ്നയോടും ഹജാരാകൻ ആവശ്യപ്പെട്ടതായി മുംബൈ പൊലീസ് അറിയിച്ചു.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളായ രൺവീർ, മത്സരാർഥിയോടാണ് ഗുരുതര അശ്ലീല പരാമർശം നടത്തിയത്. ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്.
ഇത് വ്യാപക വിമർശനത്തിനാണ് ഇടയാക്കിയത്. രാഷ്ട്രീയക്കാരും നെറ്റിസൺസുമെല്ലാം രൺവീറിനെതിരെ രംഗത്തെത്തി. ഇന്നലെ രൺവീർ സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷിച്ച് വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധമടങ്ങിയിട്ടില്ല. ബോംബെ ഹൈകോടതി അഭിഭാഷകരായ ആശിഷ് റേയും പങ്കജ് മിശ്രയും മുംബൈ പൊലീസ് കമീഷ്ണർ വിവേക് ഫാൽശങ്കറിന് രൺവീറിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തിൽ കത്തയച്ചിട്ടുണ്ട്. രൺവീർ, ഷോ സംഘാടകര്‍, ഇൻഫ്ലുവൻസർ അപൂർവ മഖിജ, സമയ് റെയ്ന എന്നിവർക്കെതിരെയും മുംബൈ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ച പൊലീസ്, ഇന്നലെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യുടെ സ്റ്റുഡിയോയിൽ പരിശോധന നടത്തിയിരുന്നു. രൺവീറിനെതിരെ രാഹുൽ ഈശ്വറും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള ‘ഡിസ്റപ്റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം രൺവീറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരുന്നു. മോദി രൺവീറിന്റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.