ഗുരുതര കേസിലോ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഒളിവിൽപ്പോയ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ല’; സുപ്രീം കോടതി

news image
Apr 11, 2025, 10:33 am GMT+0000 payyolionline.in

ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സമൻസോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവിൽപ്പോവുകയോ ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് സുപ്രീം കോടതി. ഹീനമായ കുറ്റകൃത്യങ്ങളിലോ ​ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ പങ്കുണ്ടെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാൽ പ്രത്യേകിച്ചും മുൻകൂർ ജാമ്യം അനുവദിക്കാനാകില്ല.

നിയമവാഴ്ച നിലനിൽക്കണമെങ്കിൽ ഓരോ വ്യക്തിയും നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സഹകരണ സംഘത്തിൽ നിന്ന് നിയമവിരുദ്ധമായി വായ്പ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആദർശ് ​ഗ്രൂപ്പ് കമ്പനികളുടെ മേധാവികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മുൻകൂർ ജാമ്യം ചോദ്യം ചെയ്ത എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസ്) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആദർശ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് അതിന്റെ സ്ഥാപകരുണ്ടാക്കിയ ആദർശ് ​ഗ്രൂപ്പ് കമ്പനികൾക്ക് 1700 കോടി രൂപ നിയമവിരുദ്ധമായി വായ്പ നൽകിയെന്നാണ് കേസ്.

വ്യാജരേഖചമച്ചാണ് കമ്പനികൾക്ക് വായ്പ നൽകിയതെന്നാണ് എസ്എഫ്ഐഒ ആരോപിച്ചത്. ​ഗുരു​ഗ്രാമിലെ പ്രത്യേക കോടതി പല തവണ സമൻസും വാറണ്ടും അയച്ചെങ്കിലും പ്രതികൾ അത് കൈപ്പറ്റാൻ തയ്യാറായില്ല. വിചാരണയ്ക്കെത്തിയതുമില്ല. മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയെങ്കിലും ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe