ഗുരുവായൂർ: സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ടലുകളുള്ള നഗരസഭകളിൽ ഒന്നാണ് ഗുരുവായൂർ. 250 ഓളം ഹോട്ടലുകളാണ് ഇവിടെയുള്ളത്. 37 ഹോട്ടലുകൾ അടുത്ത കാലത്തായി ഗുരുവായൂർ മേഖലയിൽ അടച്ചുപൂട്ടി എന്നറിയുമ്പോൾ തന്നെ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും.
കടുത്ത പ്രതിസന്ധിയിലൂടെയാണ് ക്ഷേത്ര നഗരത്തിലെ ഹോട്ടൽ മേഖല കടന്നുപോകുന്നതെന്ന് ശ്രീകൃഷ്ണ ഭവൻ ഹോട്ടലുടമയും കെ.എച്ച്.ആർ.എ യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ മണികണ്ഠൻ പറഞ്ഞു. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഹോട്ടൽ മേഖലക്ക് താങ്ങാനാകുന്നില്ല.
പച്ചക്കറികൾക്കെല്ലാം തീവിലയാണ്. കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതോടെ പാമോയിലിനും ഭക്ഷ്യ എണ്ണകൾക്കും വില കൂടി. വെളിച്ചെണ്ണക്കും ഉയർന്ന വിലയാണ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പേരിൽ സ്ഥിരമായി പീഡിപ്പിക്കപ്പെടുന്നത് ഹോട്ടലുകളാണ്.
വാടകകെട്ടിടത്തിലും ചെറിയ മുറികളിലും പ്രവർത്തിക്കുന്ന സാധാരണ ഹോട്ടലുകൾക്ക് വലിയ മുതൽമുടക്ക് എളുപ്പമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്.
നിയന്ത്രണങ്ങൾ കൂടിക്കൂടി പാഴ്സൽ നൽകാൻ വരെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ റോഡരികിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകളും വാഹനങ്ങളിൽകൊണ്ടുവന്ന് വിൽക്കുന്ന അനധികൃത ഭക്ഷണ വ്യാപാരവും ഹോട്ടലുകളെ തകർക്കുകയാണ്. ഇവിടത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനോ, മാലിന്യസംസ്ക്കരണത്തെക്കുറിച്ച് അന്വേഷിക്കാനോ, മറ്റ് ലൈസൻസുകൾ എടുത്തിട്ടുണ്ടോയെന്ന പരിശോധിക്കുവാനോ ആരുമില്ല.
വ്യാപാരം മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കാതെ നട്ടംതിരിയുമ്പോഴാണ് ജി.എസ്.ടിയുടെ പേരിലുള്ള അധിക ബാധ്യതകളും വരുന്നത്. ഉയർന്ന കൂലിയും തൊഴിലാളികളെ കിട്ടാതെ വരുന്നതും മറ്റൊരു പ്രതിസന്ധിയാണ്. നേരത്തെ തുടങ്ങി വെച്ച വ്യാപാരം നിലനിർത്തി പോകാനുള്ള തത്രപ്പാടിലാണ് മിക്ക ഹോട്ടൽ ഉടമകളും.