ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

news image
Sep 7, 2024, 4:43 am GMT+0000 payyolionline.in

ഗുരുവായൂർ: റെക്കോഡുകൾ തകർത്ത് കല്യാണങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. 350-ലേറെ നവദമ്പതികളുടെ താലികെട്ടിനാണ് നാളെ ഗുരുവായൂർ സാക്ഷിയാവുക. 2017 ആഗസ്റ്റ് 26ന് നടന്ന 277 കല്യാണങ്ങളാണ് നിലവിലുള്ള റെക്കോഡ്. 2016 സെപ്റ്റംബർ നാലിന് 264 കല്യാണങ്ങൾ നടന്നിട്ടുണ്ട്. ആറ് കല്യാണമണ്ഡപങ്ങളിലായി രാവിലെ അഞ്ചു മുതലാണ് വിവാഹം. ടോക്കൺ ക്രമത്തിൽ വധൂവരൻമാരെയും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമുൾപ്പെടെ 20 പേരെയും കല്യാണമണ്ഡപത്തിലേക്ക്‌ പ്രവേശിപ്പിക്കും. നടപ്പുരയിൽ കല്യാണക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ എട്ടിനും 11നുമിടയിൽ 220 കല്യാണങ്ങളുണ്ട്. ഒരു മിനിറ്റ് ഇടവേളയില്ലാതെ ഈ സമയങ്ങളിൽ താലികെട്ട് നടക്കും. നിവേദ്യത്തിനായി 11.30 മുതൽ 12.30 വരെ ക്ഷേത്രനട അടയ്ക്കുന്നതിനാൽ ആ സമയങ്ങളിൽ വിവാഹം ഉണ്ടാകില്ല.

നഗരത്തിൽ കല്യാണപ്പാർട്ടികളുടെ എണ്ണമറ്റ വാഹനങ്ങൾ വരുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

  • നഗരത്തിലേക്ക് പ്രവേശിക്കുന്ന ടു വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വൺവേ പാലിക്കണം
  • റോഡരികിലെ ടൂവീലർ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാർക്കിങ് കർശനമായി നിരോധിച്ചു.
  • സ്വകാര്യ ബസുകൾ പടിഞ്ഞാറെനടയിലെ മായാ ബസ് സ്റ്റാന്റിൽ നിന്നും സർവിസ് ആരംഭിക്കുകയും, വൺവേ സമ്പ്രദായത്തിൽ തിരികെ എത്തുകയും വേണം.
  • കുന്നംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മമ്മിയൂരിൽ നിന്നും തിരിഞ്ഞ് കൈരളി ജങ്ഷൻ വഴി ഔട്ടർ റിങ് റോഡ് ചുറ്റി മായാ ബസ് സ്റ്റാൻ്റിൽ എത്തണം.
  • ചാവക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുതുവട്ടൂർ സെൻററിൽ നിന്നും തിരിഞ്ഞ് മായ ബസ് സ്റ്റാന്റിലേക്ക് എത്തണം.
  • വാഹനങ്ങൾ നഗരസഭയുടെ മൾട്ടി ലെവൽ കാർപാർക്കിങ് സെൻററിലും, കിഴക്കേനടയിലെ ദേവസ്വം മൾട്ടിലെവൽ കാർപാർക്കിങ് സെൻററിലും, ശ്രീകൃഷ്‌ണ സ്‌കൂൾ ഗ്രൗണ്ടും, മറ്റു പാർക്കിങ് കേന്ദ്രങ്ങളിലും മാത്രം പാർക്ക് ചെയ്യണം. .
  • ടൂറിസ്റ്റ് ബസുകൾ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹ സ്മാരക ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe