ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ രതീഷാണ് മരിച്ചത്. കോങ്ങാട് സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാലാണ് രതീഷ് ആനയ്ക്ക് വെള്ളം നൽകാനായി പോയത്. ഇതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് വർഷമായി രതീഷ് ആനയെ പരിചരിക്കുന്നുണ്ട്. സ്ഥിരമായി അക്രമ സ്വഭാവം കാണിക്കുന്നതിനാലും പ്രശ്നങ്ങളുണ്ടാക്കുന്നതിനാലും 20ഓളം വർഷമായി ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നില്ല. അടുത്തിടെയാണ് ആനയെ വീണ്ടും പുറത്തിറക്കിയത്.