ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണത്തിൽ വീണ്ടും കേസ്. കോഴിക്കോട് സ്വദേശി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് കേസ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്.
ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് ഇൻഫ്ലുവൻസറും മുൻബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ മുമ്പ് ഗുരുവായൂർ ദേവസ്വം പരാതി നൽകിയിരുന്നു. ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്നുമായിരുന്നു പരാതി. പരാതി പിന്നീട് കോടതിക്ക് കൈമാറി.
ജാസ്മിൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നെങ്കിലും പിന്നീട് വീഡിയോ നീക്കം ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രക്കുളത്തിലും ക്ഷേത്ര പരിസരത്തും മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കില്ല. നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പൂർണമായ വിലക്കുണ്ട്.
