ഗുസ്തി താരങ്ങളുടെ പരാതി; ഡൽഹി പൊലീസ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ വസതിയിൽ

news image
Jun 6, 2023, 6:18 am GMT+0000 payyolionline.in

ന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായി ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുക്കാനായി ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിലെത്തി. ഉത്തർ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസ് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷന്റെ വസതിയിലുളള പണിക്കാരുൾപ്പെടെ 12 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

മൊ​ഴി നൽകിയവരുടെ തിരിച്ചറിയൽ കാർഡും വിലാസവുമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാ​തെ, ബ്രിജ് ഭൂഷനെ പിന്തുണക്കുന്ന നിരവധി പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴി എടുത്തിട്ടുണ്ട്. എന്നാൽ ബ്രിജ് ഭൂഷൺ സിങ്ങിനെ വസതിയിൽ വെച്ച് ചോദ്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

ഏപ്രിൽ 28നാണ് ഡൽഹി കൊണാട്ട് പ്ലേസ് പൊലീസ് ബ്രിജ് ഭൂഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലായിരുന്നു പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചാർത്തി കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ, മുതിർന്ന താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, തനിശക്കതിരായ ആരോപണ​ങ്ങളെല്ലാം ബ്രിജ് ഭൂഷൻ സിങ് നിഷേധിച്ചിരുന്നു.

അതേസമയം, ബ്രിജ് ഭൂഷനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുമ്പാകെ ​പുതിയ മൊഴി നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരെ പെൺകുട്ടി നൽകിയ പരാതി പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ പരക്കുന്നതിനിടെയാണ് പുതിയ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പുതിയ മൊഴിയിൽ പഴയ ആരോപണങ്ങൾ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe