തിരുവനന്തപുരം > ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയും റോഡ് ഷോയും നടന്നിരുന്നു. പരിപാടിയിൽ ഹിന്ദുത്വം ആളിക്കത്തിക്കാനും കേരളത്തിലെ ഇകഴ്ത്തിക്കാട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ മന്ത്രി വിമർശിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതാണ്. സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിന്റെ തെളിവാണ്. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പാക്കിയ നാടാണിത്. അവിടെ വന്നാണ് മോദി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്.
ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്. അതിനോട് മുഖം തിരിച്ചിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.