ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകറിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന് ജാമ്യം. വിചാരണ കോടതിയിൽ ജസ്റ്റിസ് സഞ്ജീവ് നറുലയാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. 2023 ജൂലൈയിൽ സുശീൽ കുമാറിന് കാൽമുട്ടിന് സർജറി നടത്താനായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം നൽകിയിരുന്നു. പിന്നീട് സ്ഥിരജാമ്യത്തിനായി നൽകിയ അപേക്ഷയിലാണ് ഇപ്പോൾ കോടതി ഉത്തരവിറക്കിയത്.
സുശീൽ കുമാറിനായി അഭിഭാഷകരായ ആർ.എസ്. മാലിക്കും സുമീത് ഷോകീനുമാണ് കോടതിയിൽ ഹാജരായത്. കുറ്റാരോപിതൻ മൂന്നര വർഷമായി ജയിലിലാണെന്നും വിചാരണ തുടരുന്ന കേസിൽ ഇതുവരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് വർഷത്തിനിടെ മുപ്പതോളം സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.
2021മേയ് നാലിന് സ്വത്ത് തർക്കത്തിന്റെ പേരിൽ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധങ്കറിനെയും സുഹൃത്തുക്കളേയും ഛത്രസാൽ സ്റ്റേഡിയം പാർക്കിങ് ലോട്ടിൽവെച്ച് മർദിച്ചെന്നാണ് കേസ്. ധങ്കർ പിന്നീട് മരിച്ചു. മേയ് 23ന് സുശീൽ അറസ്റ്റിലായി. സുശീൽ കുമാറിനും മറ്റു 17 പേർക്കുമെതിരെയാണ് ഡൽഹി കോടതി കുറ്റം ചുമത്തിയത്. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
രാജ്യത്തിനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഗുസ്തി താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് സുശീൽ കുമാർ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും, നാലു വർഷത്തിനു ശേഷം 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.