ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി താത്കാലിക സമിതി രൂപീകരിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഭൂപീന്ദർ സിങ് ബാജ്വയാണ് സമിതിയുടെ അധ്യക്ഷൻ. എം എം സൊമായ, മഞ്ജുഷ കാൻവാർ എന്നിവർ അംഗങ്ങളാണ്. ഗുസ്തി ഫെഡറേഷന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരണം.
ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയെത്തുടർന്നാണ് മുൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പ്രതിഷേധത്തെത്തുടർന്ന് സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് വീണ്ടും നിയമിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.