ദില്ലി: ഗുസ്തി ഫെഡറേഷൻ തെരെഞ്ഞെടുപ്പിലേക്ക്. ജൂലൈ 4 ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രത്യേക പൊതുയോഗം വിളിച്ചു. ജസ്റ്റീസ് മഹേഷ് കുമാർ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് അന്താരാഷ്ട്ര ഗുസ്തി സംഘടന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ദേശീയ ഗുസ്തി ഫെഡറേഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ഭരണം തത്കാലത്തേക്ക് അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ഇപ്പോൾ നീങ്ങുകയാണ്.
ഡബ്ലിയു എഫ് ഐയുടെ പ്രത്യേക പൊതു യോഗം ജൂലൈ മാസം നാലാം തീയതി ചേരാനുള്ള തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജൂൺ മാസം 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് കായികമന്ത്രി നേരത്തെ സമരത്തിലുള്ള ഗുസ്തി താരങ്ങൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ സംഘടനയുടെ ചട്ടമനുസരിച്ച് 21 ദിവസത്തെ നോട്ടീസ് നൽകി മാത്രമേ പ്രത്യേക പൊതുയോഗം വിളിക്കാനുള്ള അനുമതിയുള്ളൂ. അതുകൊണ്ട് തന്നെയാണ് ജൂലൈ 4 എന്ന തീയതി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
ബ്രിജ് ഭൂഷൺ മോശമായി പെരുമാറിയതിനെതിരെ ഗുസ്തി താരങ്ങൾ ദില്ലി പോലീസിന് തെളിവുകൾ കൈമാറി. പരാതി നൽകിയ 4 താരങ്ങളാണ് ഓഡിയോ വീഡിയോ തെളിവുകൾ നൽകിയത്. ആരോപണങ്ങളിൽ തെളിവു നൽകാൻ നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.15ന് കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇന്നലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ ബ്രിജ് ഭൂഷൺ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അറസ്റ്റില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ബിജെപി നേതാക്കൾ താരങ്ങളുമായി അനുരഞ്ജന ചർച്ച നടത്തിയേക്കും.