ഗൂഗിൾ പേ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത ; ഇടപാടുകൾക്ക് റുപേ ക്രെഡിറ്റ് കാർഡുകൾ, ഉപയോഗിക്കേണ്ടത് ഇങ്ങനെ

news image
May 24, 2023, 7:44 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ഇപ്പോൾ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താം. തങ്ങളുടെ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) കമ്പനി പങ്കാളിത്തം നേടിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികൾക്കും പണമടയ്ക്കാനാകും.

ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. കൂടുതൽ ബാങ്കുകൾ ഈ സേവനം ഉടൻ ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്.

എങ്ങനെ ഉപയോഗിക്കാം?

ഈ സേവനം ലഭ്യമാക്കാൻ ഉപയോക്താക്കൾ ഗൂഗിൾ പേയിൽ റുപേ ക്രെഡിറ്റ് ചേർക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലിലെ “റുപേ ക്രെഡിറ്റ് കാർഡ് ഓൺ യുപിഐ” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം റുപേ ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്ക് തിരഞ്ഞെടുക്കാം.

അതിനുശേഷം, ഉപയോക്താക്കൾ കാർഡ് നമ്പറും കാർഡ് കലഹരണപ്പെടുന്ന തിയതിയും നൽകുക. ബാങ്കിൽ നിന്നുള്ള ഒടിപി നൽകി യുപിഐ പിൻ നിർമ്മിക്കണം. ഇപ്പോൾ ഉപയോക്താക്കൾ അവരുടെ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്താം. മറ്റ് യുപിഐ ഇടപാടുകൾക്ക് ചെയ്യുന്നതുപോലെ നേരത്തെ സജ്ജീകരിച്ച യുപിഐ പിൻ നൽകിയാൽ മതി.

സമീപ വർഷങ്ങളിൽ, യുപിഐ വഴി നടത്തുന്ന ഇടപാടുകളുടെ എണ്ണത്തിൽ വലിയ വര്ധനയായാണ് രാജ്യത്തുണ്ടായത്. 2023 മാർച്ചിൽ യുപിഐ ഇടപാടുകൾ 8.7 ബില്യണിലെത്തിയതോടെ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി എൻപിസിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് (ആർബിഐ) അനുമതി നൽകി. രാജ്യത്തെ ദശലക്ഷക്കണക്കിന് റുപേ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക്, ഡിജിറ്റൽ പേയ്‌മെന്റുകളുടെ സൗകര്യം നേടാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe