ദൈനംദിന ജീവിതത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണ് നമ്മൾ. പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച് പരിചയമുള്ള സ്ഥലങ്ങളിലും കൃത്യമായി എത്തിച്ചേരാൻ ഗൂഗിൾ മാപ്പ് നമുക്ക് വളരെയധികം സഹായകരമാണ്.
എന്നാൽ ഇടയ്ക്ക് ഗൂഗിൾ മാപ്പ് നമുക്ക് പണി തരാറുണ്ട്. തെറ്റായതും സഞ്ചരിക്കാൻ സാധിക്കാത്തതുമായ വഴികളിലേക്ക് മാപ്പ് നമ്മെ എത്തിക്കാറുണ്ട്. എന്നാൽ അത് നമ്മൾ ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ? അതോ ഗൂഗിൾ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ?എന്നിരുന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഗൂഗിൾ മാപ്പ് ഏത് യാത്രയ്ക്കും വലിയ സഹായം നൽകും. ഇങ്ങനെ യാത്ര എളുപ്പമാക്കാൻ സഹായകമാകുന്ന ചില ഫീച്ചറുകൾ ഗൂഗിൾ മാപ്പിൽ തന്നെ ഉണ്ട്.
പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിൾ മാപ്പിൽ കാണിക്കുക. എന്തിനാണ് ഇങ്ങനെ പല നിറത്തിൽ കാണിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഈ നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്നു കൂടി അറിഞ്ഞാൽ ഗൂഗിൾ മാപ്പിന്റെ ഉപയോഗം പിന്നെയും വർധിക്കും.
മാപ്പിൽ പാത പച്ച നിറത്തിൽ ആണ് കാണിക്കുന്നതെങ്കിൽ ആശ്വസിക്കാം. പോവേണ്ട വഴിയിൽ കാര്യമായ ഗതാഗത തിരക്കില്ലെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രയ്ക്ക് വലിയ തടസ്സങ്ങളില്ലെന്നും ലളിതമായി, സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് എത്താമെന്നും ഇതുകൊണ്ട് അർത്ഥമാക്കാം. ഇനി മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് കാണിക്കുന്നതെങ്കിൽ ചെറിയ രീതിയിൽ ട്രാഫിക് ഉണ്ടാകുമെന്നും ലക്ഷ്യ സ്ഥലത്തെത്താൻ കുറച്ചുകൂടി സമയം വേണമെന്നും വേഗം കുറയ്ക്കണം എന്നുമെല്ലാമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. എന്നാൽ ചുവപ്പ് നിറമാണെങ്കിൽ പോകുന്ന വഴിക് ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. വാഹനത്തിന് സാവധാനം മുന്നോട്ട് പോകാമെന്നും എന്നാൽ ചിലപ്പോൾ വാഹനങ്ങൾ പൂർണമായി നിർത്തിയിടേണ്ട സാഹചര്യം ഉണ്ടാകാം എന്നും ഇതുകൊണ്ട് സൂചിപ്പിക്കുന്നു. ഇനി ഇളം നീല നിറം ആണെങ്കിൽ ലക്ഷ്യ സ്ഥാനത്തെത്താനുള്ള ചെറിയ സമാന്തര വഴികൾ ആണ് ഈ പാതകൾ കാണിക്കുന്നത്. വലിയ വഴികളല്ലാതെ ചെറിയ വഴികൾ ആകും താരതമ്യേനെ ഈ നിറത്തിലുള്ള പാതകൾ കാണിച്ചു തരുന്നത്.
ഇനിയിപ്പോ പർപ്പിൾ വഴികൾ ആണ് കാണിക്കുന്നതെങ്കിൽ നേരിട്ട് ലക്ഷ്യത്തിലേക്ക് പോകാൻ സഹായിക്കില്ല ഇത് എന്നാണ് സൂചിപ്പിക്കുന്നത്. ദൈർഘ്യമേറിയ യാത്രകൾക്ക് ഇത് വഴിതെളിയിക്കുന്നു. മലപാതകൾ ബ്രൗൺ നിറത്തിൽ കാണും. ഹിമാചലും സിക്കിമും സന്ദർശിക്കുമ്പോൾ ഇത് ശ്രദ്ധിക്കുക. ഈ കാര്യങ്ങളൊക്കെ മനസിലാക്കി ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ , നിങ്ങളുടെ യാത്ര കൂടുതൽ സുഗമവും ആസ്വദ്യവുമാകും. അടുത്ത യാത്രക്ക് ഇനി മാപ്പ് നോക്കുമ്പോൾ ഈ നിറങ്ങൾ ശ്രദ്ധിക്കൂ, വഴി തേടാനും, പുതിയ ലളിതമായ പാതകൾ കണ്ടെത്താനും ഇത് നിങ്ങളെ സഹായിക്കും.
