ഗെലോട്ട് അധ്യക്ഷനായാല്‍ മുഖ്യമന്ത്രിയാകാന്‍ സച്ചിന്‍ പൈലറ്റ്, ഹൈക്കമാന്‍ഡ് പിന്തുണ

news image
Sep 22, 2022, 1:39 pm GMT+0000 payyolionline.in

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റ് എത്തുന്നത് ഗെലോട്ടിന് താല്‍പര്യമുള്ള കാര്യമല്ല. മുഖ്യമന്ത്രിയെ താന്‍ നിര്‍ദേശിക്കാമെന്ന ഗെലോട്ടിന്‍റെ ആവശ്യവും ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്.

അതേസമയം, അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് കടുംപിടുത്തത്തിലാണ്. ഇരട്ട പദവി പ്രശ്നമല്ലെന്നും താൻ നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണ് ദില്ലിയിലെത്തിയ ഗേലോട്ട് സോണിയാ ഗാന്ധിക്ക് മുന്നിലും സ്വീകരിച്ചത്. എന്നാൽ ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അശോക് ഗലോട്ടിനോട് സോണിയ ഗാന്ധി കടുപ്പിച്ച് പറഞ്ഞതായാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗേലോട്ട് സോണിയയെ കാണാൻ ദില്ലിയിൽ എത്തിയത്. രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പാർട്ടി അധ്യക്ഷനാകണമെന്നാണ് രാജസ്ഥാൻ പിസിസിയുടെ ആവശ്യം. ഇക്കാര്യം നേരിട്ട് അറിയിക്കാനാണ് രാജസ്ഥാൻ പിസിസി അധ്യക്ഷനും തനിക്കൊപ്പം വന്നതെന്നാണ് ഗേലോട്ട് വിശദീകരിക്കുന്നത്. പാർട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഹൈക്കമാൻഡ് പിന്തുണ ഗേലോട്ടിനാണെങ്കിലും ഇരട്ടപ്പദവി അംഗീകരിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച സോണിയ, അധ്യക്ഷ പദവിയെ ചെറുതായി കാണരുതെന്നും നിർദ്ദേശിച്ചു. ഇരട്ട പദവിയില്‍ ഗ്രൂപ്പ് 23 അടക്കം അതൃപ്തി അറിയിച്ചിരുന്നു.

സച്ചിന്‍ പൈലറ്റ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനത്ത് വരരുതെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള ഗെലോട്ടിന്‍റെ നീക്കത്തില്‍ കോണ്‍ഗ്രസിലാകെ അതൃപ്തിയുണ്ട്. ഗെലോട്ടിന്‍റെ നിലപാട് ഇരട്ടപദവിക്കെതിരെ നിലപാടെടുത്ത ഉദയ് പൂര്‍ ചിന്തന്‍ ശിബിരത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെയാണ് വേണ്ടതെന്നും നേതാക്കള്‍ പറയുന്നു.  ഇതിനിടെ ഗാന്ധി കുടുംബത്തിനായി വീണ്ടും ഉയരുന്ന മുറവിളിയെ പിജെ കുര്യന്‍ തള്ളി. ആര്‍ക്ക് വേണ്ടി ക്യാമ്പയിന്‍ ചെയ്യുമെന്ന് 30 ന് ശേഷം പറയാമെന്നും ഗ്രൂപ്പ് 23നൊപ്പമുള്ള  കുര്യന്‍ വ്യക്തമാക്കി.

നാമനിര്‍ദ്ദേശ പത്രിക നല്‍കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ദിഗ് വിജയ് സിംഗും സോണിയ ഗാന്ധിയെ കാണും. ഇരട്ടപദവിയിലുറച്ച് നില്‍ക്കുന്ന ഗലോട്ടിന്‍റെ നിലപാടിനെതിരാണ് ദിഗ് വിജയ് സിംഗ്. മുപ്പത് വരെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നത്. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും.  വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നാണ്. സമവായമെന്നത് തന്‍റെ വിഷയമല്ലെന്നും, ഒന്നിലധികം പേര്‍ പത്രിക നല്‍കിയാല്‍ സുതാര്യമായി തെരഞ്ഞെടുപ്പ് നടക്കുമെന്നും വരാണാധികാരിയായ  മധുസൂദനനന്‍ മിസ്ത്രി പറഞ്ഞു. ശശി തരൂര്‍, ദിഗ് വിജയ് സിംഗ് എന്നിവരാണ് മത്സരരംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയ പ്രമുഖര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe