കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ സുരക്ഷാ പിഴവ് ആരോപിച്ച് നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഹെഡ് വാർഡനടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ വാർഡന്മാർക്കാണ് സസ്പെൻഷൻ. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ കണ്ണൂർ സന്ദർശന സമയത്താണ്, ജയിൽ ചാട്ടമുണ്ടായത്.
ഏഴ് മീറ്റർ ഉയരവും മുകളിൽ മുള്ളുവേലിയുമുള്ള ജയിൽ ഒരുകൈ മാത്രമുള്ള പ്രതി എങ്ങനെ ചാടിയെന്ന സംശയവും നിലനിൽക്കുന്നു. പുലർച്ചെ 1.10 ന് ഒരുവാർഡൻ ഇയാൾ താമസിക്കുന്ന സെൽ പരിശോധിച്ചിരുന്നു. കനത്ത മഴയുള്ള ഈ സമയത്ത് ഇയാൾ പുതച്ച് കിടന്നുറങ്ങുകയായിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടി കയറുപോലെ ആക്കിയാണ് ഇയാൾ ചാടിയത്. ഭാരം കുറക്കുന്നതിനായി ഇയാൾ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചോറ് കഴിച്ചിരുന്നില്ല. ചപ്പാത്തി മാത്രമായിരുന്നു കഴിച്ചത്.
ജയിൽ കമ്പികൾ ദ്രവിക്കാൻ ഉപ്പിട്ടുവച്ചതായി സംശയിക്കുന്നു. പുറത്ത് ജയിൽ കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ ആക്സോ ബ്ലേഡ് കഷണം ഇയാൾ കണ്ടെത്തി, മുറിക്കാൻ ഉപയോഗിച്ചു എന്നാണ് കരുതുന്നത്.