ആര്യനാട്: ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ വിജയൻ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം ജംക്ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയിൽ ആണ് സംഭവം.
ഗ്യാസ് ചോർന്നു തീപിടിച്ചതോടെ വിജയന് പുറത്തിറങ്ങാൻ കഴിയാതെ ഷട്ടർ താഴ്ന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ പൊലീസും പിന്നാലെ ഫയർഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു. ഫയർഫോഴ്സ് പുറത്തെടുത്തപ്പോഴെക്കും വിജയന്റെ ശരീരം തീ കത്തിയ നിലയിൽ ആയിരുന്നു. കടയിൽ ഉണ്ടായിരുന്ന വിജയന്റെ ഭാര്യ ഗിരിജയും ചെറുമകനും തിരികെ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ആയിരുന്നു ദുരന്തം.
രണ്ട് ദിവസം മുൻപ് ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായിരുന്ന വിവരം ഏജൻസിയെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന അഞ്ചു സിലിണ്ടറുകൾ ഫയർഫോഴ്സ് പുറത്തേക്ക് മാറ്റി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മക്കൾ: വിഷ്ണു, അഞ്ജു.