ഗ്രീൻ ആപ്പിൾ പെട്ടിയിൽ 502 കോടിയുടെ ലഹരിക്കടത്ത്: വിജിൻ വീണ്ടും അറസ്റ്റിൽ

news image
Oct 8, 2022, 7:50 am GMT+0000 payyolionline.in

മുംബൈ: 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസിനെ 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) മുംബൈയിൽ അറസ്റ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിലാണ് അറസ്റ്റ്. ആപ്പിൾ പെട്ടികൾക്കിടയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസിൽ ഡിആർഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസിൽ വിജിൻ നേരത്തേ അറസ്റ്റിലായിരുന്നു. വിജിൻ മാനേജിങ് ഡയറക്ടറായുള്ള യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് എന്ന സ്ഥാപനം നവിമുംബൈയിലെ തുറമുഖത്ത് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198 കിലോഗ്രാം മെതാംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ‌‌‌‌

ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മലപ്പുറം കോട്ടയ്ക്കൽ തച്ചൻപറമ്പൻ മൻസൂറിനായി ഡിആർഐ സംഘം ഇന്റർപോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. മൻസൂറിന്റെ ഉടമസ്ഥതയിൽ ദക്ഷിണാഫ്രിക്കയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് വഴിയാണ് ഇറക്കുമതി നടത്തിയതെന്നാണ് വിജിന്റെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe