ഗൺമാൻ പട്ടികയെ ചൊല്ലി വിവാദം; കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടികയിൽ സോളാർ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയയും ആർഎസ്എസ് ബന്ധമുള്ളവരും

news image
May 16, 2026, 12:10 pm GMT+0000 payyolionline.in

യുഡിഎഫ് സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ ഗൺമാൻ പട്ടികയെ ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കി നൽകിയ പട്ടികയിൽ, സോളാർ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉൾപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് ബന്ധം ഉള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ആക്ഷേപമുയരുന്നു.

കഴിഞ്ഞ ദിവസമാണ് പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗം ഒരു പട്ടിക തയാറാക്കിയത്. കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ സംഘടന തയാറാക്കി നൽകിയ പട്ടികയാണിത്. 80 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിലുൾപ്പെട്ട ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുൻപ് തിരുവനന്തപുരത്തേക്കെത്തി സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ഉൾപ്പടെയുള്ളവരെ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. അവിടെയാണിപ്പോൾ കോൺഗ്രസിനകത്ത് തന്നെ ചില തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നത്.

സോളാർ വിവാദ സമയത്ത് സുരക്ഷാ വീഴ്ച അടക്കമുള്ള ആരോപണങ്ങൾ ഗൺമാൻമാർക്കെതിരെ ഉയർന്നിരുന്നു. അതിലടക്കം ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരുവിഭാഗം കോൺഗ്രസുകാർ പറയുന്നത്. പെരുമാറ്റ പ്രശ്‌നത്തിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരും പട്ടികയിലുണ്ടെന്ന് ആരോപണമുണ്ട്.

അതേസമയം, ജൂണിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് ആനുകൂല്യം നൽകാനുള്ള മുൻകൂർ ഉത്തരവിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി. പുതിയ സർക്കാർ വരും മുൻപ്, അസാധാരണ ഉത്തരവ് ഇറക്കിയത് കഴിഞ്ഞമാസം 28നാണ്. ജയതിലക് സർവീസിൽ നിന്ന് വിരമിക്കുന്നത് ജൂൺ 30ന് മാത്രമാണ്. സാധാരണഗതിയിൽ വിരമിക്കലിന് ഒരാഴ്ച മുമ്പ് മാത്രം പുറത്തിറക്കാറുള്ള ഉത്തരവ് പുതിയ സർക്കാർ വരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിയതിൽ അസാധാരണത്വം ഉണ്ടെന്ന വിമർശനമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉയർത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe