ചക്കിട്ടപാറയിൽ കൃഷി നശിപ്പിച്ച് കാട്ടാന : ജനങ്ങൾ ആശങ്കയിൽ

news image
Jun 17, 2023, 11:36 am GMT+0000 payyolionline.in

ചക്കിട്ടപാറ: പഞ്ചായത്തിലെ നാലാം ബ്ലോക്ക്, ഉദയനഗർ, പയ്യാനിക്കോട്ട മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഉദയനഗറിൽ ഒട്ടേറെ റബർ മരങ്ങൾ തകർത്തു. പയ്യാനിക്കോട്ട, ഉദയനഗർ ഭാഗത്തേക്കുള്ള സൗരവേലി, ബാറ്ററി എന്നിവ നശിപ്പിച്ചു. വൈദ്യുതി തൂണിലേക്ക് തെങ്ങ് മറിച്ചിട്ട് തൂണുകൾ തകർത്തിട്ടുണ്ട്. തൊട്ടിയിൽ അസീസിന്റെ കമുക്, വാഴക്കൃഷി നശിപ്പിച്ചു. ആനയെ ഓടിക്കുന്നതിനിടെ വീടിന് സമീപത്തേക്ക് എത്തിയതോടെ വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒറ്റയാൻ ഒന്നര മാസത്തോളമായി ഈ മേഖലയിൽ ഭീതി പരത്തുകയാണ്. ഒറ്റയാനെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തെരുവു വിളക്കുകൾ പൂർണമായും കത്തിക്കണമെന്നും വനം വകുപ്പ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കാട്ടാന ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുകയാണ്. രാത്രിയിൽ ജനങ്ങൾ ഉറക്കമില്ലാതെ കാവലിരിക്കേണ്ട സ്ഥിതിയാണ്. പകൽ സമയത്ത് പോലും ആന ഇറങ്ങുന്നതിനാൽ പ്രദേശവാസികൾക്ക് ധൈര്യമായി  പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe