ചക്രവാതചുഴിക്ക് പിന്നാലെ ന്യൂന മർദ്ദ പാത്തിയും; മുന്നറിയിപ്പിൽ മാറ്റം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ കനക്കും

news image
Oct 7, 2024, 10:58 am GMT+0000 payyolionline.in

തിരുവനന്തപുരം: തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തിയും രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചക്രവാതച്ചുഴി ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള തമിഴ് നാട് തീരത്ത് മത്സ്യബന്ധനത്തിനുംന് വിലക്കുണ്ട്. ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇന്ന് മുതൽ മുതൽ 11-ാം തീയതി വരെ  അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് 13 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പുണ്ട്. കാസസർകോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.  തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒൻപതിന് ഇടുക്കിയിലും  10ന് പത്തനംതിട്ട, ഇടുക്കി 11ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 9ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, 11ന്  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ  ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe