പത്തനംതിട്ട: ചവിട്ടും കുത്തും സഹിച്ചാണ് യു.ഡി.എഫിൽ നിന്നതെന്നും എന്നാൽ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും പത്മജ വേണുഗോപാൽ. രാഷ്ട്രീയം മടുത്ത് മതിയാക്കാൻ ആഗ്രഹിച്ച സമയത്താണ് ബി.ജെ.പിയിലേക്ക് പോയത്. ബി.ജെ.പിയിൽ സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. സാധാരണ പ്രവർത്തകയായി പ്രവർത്തിക്കും. കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. അത് സഹോദരനായ കെ മുരളീധരന് വൈകാതെ മനസിലാകും. കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നത്. അല്പം വൈകി കാര്യങ്ങൾ മനസിലാക്കുന്ന ആളാണ് അദ്ദേഹം.
കരുണാകരനും ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും അതാണ് അനിലിന് വേണ്ടി ഇവിടെ പ്രചാരണത്തിനായി എത്തിയതെന്നും പത്മജ പറഞ്ഞു.
കോൺഗ്രസിനും സി.പി.എമ്മിനും നല്ല നേതാക്കൾ പോലുമില്ല. 55-60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിന് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എ.ഐ.സി.സി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരും. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് പറഞ്ഞ പത്മജ ഇത്തവണ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേട്ടം കൊയ്യുമെന്നും കൂട്ടിച്ചേർത്തു.