ചാടിപ്പോയ കുറുവാ സംഘത്തിലെ പ്രതിയെ വലയിലാക്കി പൊലീസ്; പിടികൂടിയത് ചതുപ്പിൽ പതുങ്ങിയിരിക്കുമ്പോൾ

news image
Nov 16, 2024, 5:24 pm GMT+0000 payyolionline.in

എണറാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു ഇയാൾ. കുണ്ടന്നൂർ നഗരത്തിൽ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നു. മണ്ണിൽ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.

രണ്ടു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ സന്തോഷ്‌ ശെൽവമാണ് രക്ഷപ്പെട്ടത്. നിലവിൽ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വനിതാ പോലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചിൽ നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe