ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്‍സീക്കിന്‍റെ കുതിപ്പ്; ഫെബ്രുവരി മാസം പുത്തന്‍ റെക്കോര്‍ഡ്

news image
Apr 1, 2025, 10:39 am GMT+0000 payyolionline.in

ബെയ്‌ജിങ്: ചൈനീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ടൂള്‍. 2025 ഫെബ്രുവരി മാസം പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കൻ എഐ ഭീമന്‍മാരായ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയെ ഡീപ്‍സീക്ക് മറികടന്നു എന്നാണ് ഒരു എഐ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമിന്‍റെ റിപ്പോർട്ട്.

ഫെബ്രുവരിയിൽ ചാറ്റ്ജിപിടിയേക്കാൾ കൂടുതൽ പുതിയ ഉപയോക്താക്കള്‍ ഡീപ്‌സീക്കിന് ലഭിച്ചു. ഫെബ്രുവരിയിൽ ഡീപ്സീക്കിൽ 52.47 കോടി പുതിയ ഉപയോക്താക്കളെ രേഖപ്പെടുത്തി. ഇതേ കാലയളവിൽ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്‍ജിപിടി വെബ്‌സൈറ്റ് സന്ദർശിച്ചത്. ഡീപ്‍സീക്കിലേക്ക് വരുന്ന പുതിയ ആളുകളുടെ എണ്ണം ചാറ്റ്ജിപിടിയേക്കാൾ കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഡീപ്‍സീക്ക് ഇന്ത്യയിലും ജനപ്രിയമാണെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. രാജ്യാടിസ്ഥാനത്തിലുള്ള വെബ് ട്രാഫിക്കിൽ ഇന്ത്യ നാലാം സ്ഥാനത്താണ് എന്നാണ് റിപ്പോർട്ടുകൾ. 2025 ഫെബ്രുവരിയിൽ ഡീപ്സീക്കിന്‍റെ വെബ്‌സൈറ്റില്‍ ഇന്ത്യയിൽ നിന്ന് 43 ദശലക്ഷത്തിലധികം സന്ദർശനങ്ങളുണ്ടായി.

 

ഡീപ്‍സീക്ക് എഐ ചാറ്റ്ബോട്ടിന്‍റെ വെബ്‌സൈറ്റിലേക്കുള്ള ആകെ സന്ദർശനങ്ങൾ 79.2 കോടിയിലെത്തി. 2025 ഫെബ്രുവരിയിൽ ഡീപ്‍സീക്കിന്‍റെ വിപണി വിഹിതം 2.34 ശതമാനത്തിൽ നിന്ന് 6.58 ശതമാനമായി ഉയർന്നു. എങ്കിലും, എഐ വിപണിയില്‍ ഡീപ്‍സീക്ക് ഇപ്പോഴും ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഈ പട്ടികയിൽ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്തും കാൻവ രണ്ടാം സ്ഥാനത്തും ആണുള്ളത്. ഫെബ്രുവരിയിൽ 12.05 ബില്യൺ സന്ദർശകർ ഡീപ്‍സീക്ക് തേടിയെത്തി. ഇതിൽ 3.06 ബില്യൺ യൂണീക്ക് ഉപഭോക്താക്കളും ഉൾപ്പെടുന്നു.

വിലക്കുറവുള്ള എഐ മോഡൽ അവതരിപ്പിച്ചത് കൊണ്ടാണ് ഡീപ്‍സീക്ക് ജനപ്രിയമായത് എന്നാണ് റിപ്പോർട്ടുകൾ. ഡീപ്‍സീക്കിന്‍റെ കടന്നുവരവോടെ നിരവധി അമേരിക്കൻ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞിരുന്നു. എഐ മത്സരത്തിൽ അമേരിക്കയേക്കാൾ പിന്നിലായിരുന്ന ചൈന വീണ്ടും മുന്നിലുമെത്തി. ഇപ്പോൾ പല ചൈനീസ് കമ്പനികളും അവരുടെ എഐ മോഡലുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe