ചാൻസലർ പദവി: ബിൽ തയാറാക്കാൻ വകുപ്പുകളോടു നിർദേശിച്ച് മന്ത്രിസഭ

news image
Nov 17, 2022, 5:06 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ഗവർണറെ ചാൻസലർ പദവിയില്‍നിന്ന് പുറത്താക്കുന്ന ബിൽ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി. സർക്കാരിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തിൽ ആയിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണ്ടിവരും. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.

 

സമാന ബില്ലുകൾ പാസാക്കിയ തമിഴ്‌നാട്, ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി പഠിച്ചു നിർദേശങ്ങൾ നൽകാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ഗവർണർക്കു ചാൻസലർ പദവി ഇല്ലാത്ത ഗുജറാത്തിലെ നിയമവും പഠിക്കും.

14 സർവകലാശാലകളിൽ, സമാനസ്വഭാവമുള്ള ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒരു ചാൻസലർ ആയിരിക്കും. ഇദ്ദേഹത്തിന് ഇവയിൽ ഏതെങ്കിലുമൊരു സർവകലാശാലാ ആസ്ഥാനത്ത് ഓഫിസ് സൗകര്യം ഒരുക്കും. ചെലവിന് ആവശ്യമായ തുക സർവകലാശാലാ ഗ്രാന്റിൽനിന്നു നൽകും. കാർഷികം, സാങ്കേതികം, കുസാറ്റ്, ഫിഷറീസ്, ആരോഗ്യം, വെറ്ററിനറി തുടങ്ങിയ സർവകലാശാലകളിൽ അതതു മേഖലകളിലെ വിദഗ്ധരാണ് ചാൻസലർ ആവുക. പ്രോട്ടോക്കോൾ പ്രശ്നം ഉള്ളതിനാൽ ചാൻസലർ സ്ഥാനം അതതു വകുപ്പു മന്ത്രിമാർ വഹിച്ചാൽ മതിയെന്ന നിർദേശവുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe