ചണ്ഡീഗഡ്: ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിനെന്ന് പൊലീസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. വാക്കുതർക്കത്തെ തുടർന്ന് ഇയാൾ മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് ഹിമാനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
‘ഝജ്ജർ ജില്ലയിൽ മൊബൈൽ ഫോൺ കട നടത്തുന്ന സച്ചിൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇയാൾ ഇടയ്ക്കിടെ ഹിമാനി തനിച്ചു കഴിഞ്ഞിരുന്ന റോഹ്തക് വിജയ് നഗറിലെ വീട്ടിലെത്താറുണ്ടായിരുന്നു. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെ ഹിമാനിയുടെ വീട്ടിലെത്തിയ ഇയാൾ അന്നു രാത്രി അവിടെ കഴിഞ്ഞു. പിറ്റേ ദിവസം ഹിമാനിയും സച്ചിനും തമ്മിൽ തർക്കമുണ്ടാകുകയും ഇതേത്തുടർന്ന് ഹിമാനിയെ തുണി കൊണ്ട് കെട്ടിയിട്ട ശേഷം ചാർജർ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ലാപ്ടോപും മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. പിന്നീട് മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിലാക്കി രാത്രി പത്തുമണിക്കുശേഷം ഓട്ടോയിൽ സാംപ്ലയിലെ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.’–റോഹ്തക് റെയ്ഞ്ച് എഡിജിപി കൃഷൻ കുമാർ റാവു പറഞ്ഞു. സാമ്പത്തിക വിഷയത്തിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്ന അനുമാനത്തിലാണ് പൊലീസ്.
സച്ചിന്റെ കൈയിൽ പോറലുകളും കടിച്ച പാടും ഉണ്ട്. ആക്രമണം ചെറുക്കാനുള്ള ഹിമാനിയുടെ ശ്രമത്തിനിടെ ഇയാളുടെ കൈയിൽ കടിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്നു കുടുംബം അറിയിച്ചിരുന്നു. മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനുള്ളിൽനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.